ബംഗാളിൽ രാഷ്ട്രപതിക്ക് അവഗണന; തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചെന്ന് പ്രധാനമന്ത്രി

സന്താള്‍ സംസ്‌കാരം പോലെ സുപ്രധാനമായ ഒരു വിഷയത്തെ മമത സര്‍ക്കാര്‍ വളരെ നിസ്സാരമായി കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ സമീപനം അങ്ങേയറ്റം അപമാനകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും, രാഷ്ട്രപതിയുടെ പദവിയെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

Advertisment

ബംഗാളില്‍ നടന്ന സന്താള്‍ ഗോത്രസംഗമത്തിന്റെ വേദി അവസാന നിമിഷം മാറ്റിയതും, രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ മറ്റ് മന്ത്രിമാരോ എത്താതിരുന്നതുമാണ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.


രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമാണ്. ഗോത്രവര്‍ഗ സമൂഹത്തില്‍ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതിയെ ഭരണകൂടം അവഗണിക്കുന്നത് രാജ്യത്തിന് തന്നെ സങ്കടകരമാണെന്ന് മോദി പറഞ്ഞു.

സന്താള്‍ സംസ്‌കാരം പോലെ സുപ്രധാനമായ ഒരു വിഷയത്തെ മമത സര്‍ക്കാര്‍ വളരെ നിസ്സാരമായി കാണുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സംസാരിക്കവേ തന്റെ അതൃപ്തി രാഷ്ട്രപതി പരസ്യമായി പ്രകടിപ്പിച്ചു. ബിധാനഗറില്‍ നടക്കേണ്ടിയിരുന്ന സമ്മേളനം സൗകര്യങ്ങള്‍ കുറഞ്ഞ ബാഗ്ഡോഗ്രയിലേക്ക് മാറ്റിയത് ജനം എത്താതിരിക്കാനാണോ എന്ന് അവര്‍ ചോദിച്ചു.


'മമത ദീദി എന്റെ സഹോദരിയെപ്പോലെയാണ്. അവര്‍ക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇവിടെ വരാതിരുന്നത്?' - രാഷ്ട്രപതി ചോദിച്ചു.


എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മമത ബാനര്‍ജി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ബിജെപി രാഷ്ട്രപതിയുടെ ഓഫീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് വേദി മാറ്റേണ്ടി വന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Advertisment