/sathyam/media/media_files/2026/03/07/modi-2026-03-07-11-04-55.jpg)
ഡല്‍ഹി: തലസ്ഥാന നഗരിയുടെ ഗതാഗത മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹി മെട്രോയുടെ രണ്ട് പുതിയ പാതകള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, മെട്രോ അഞ്ചാം ഘട്ടത്തിലെ പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ 18,300 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. ഡല്‍ഹിയിലെ നിരങ്കാരി മണ്ഡലിന് മുന്നിലുള്ള ഡി.ഡി.എ ഉത്സവ് സ്ഥലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
പിങ്ക് ലൈനിലെ മജ്ലിസ് പാര്‍ക്ക് - മൗജ്പൂര്‍ പാതയും മജന്ത ലൈനിലെ ദീപാലി ചൗക്ക് - മജ്ലിസ് പാര്‍ക്ക് പാതയുമാണ് പുതുതായി തുറന്നുകൊടുത്തത്. ഇതോടെ 71.56 കിലോമീറ്റര്‍ നീളമുള്ള രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ റിങ്ങ് മെട്രോ ശൃംഖലയായി ഡല്‍ഹി മെട്രോ മാറി.
അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് പുതിയ പാതകളുടെ നിര്‍മ്മാണത്തിന് തുടക്കമായി. സെന്‍ട്രല്‍ വിസ്ത കോറിഡോര്‍ (രാമകൃഷ്ണ ആശ്രമം മാര്‍ഗ് - ഇന്ദ്രപ്രസ്ഥ), ഏറോസിറ്റി - ഐ.ജി.ഐ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-1, തുഗ്ലക്കാബാദ് - കാളിന്ദി കുഞ്ച് എന്നീ ഗോള്‍ഡന്‍ ലൈന്‍ എക്സ്റ്റന്‍ഷനുകളാണ് ഇതില്‍ പ്രധാനം.
ഈ പദ്ധതികള്‍ ഡല്‍ഹിയുടെ പൊതുഗതാഗത സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. മെട്രോ ശൃംഖലയുടെ വിപുലീകരണം റോഡുകളിലെ വാഹനത്തിരക്കും അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
18,300 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയും നോയിഡ, ഗുഡ്ഗാവ് തുടങ്ങിയ എന്‍.സി.ആര്‍ മേഖലകളും തമ്മിലുള്ള യാത്രാസൗകര്യം കൂടുതല്‍ സുഗമമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us