Advertisment

ഉത്തരകാശി രക്ഷാദൗത്യം: തത്സമയം കണ്ട് പ്രധാനമന്ത്രി, വികാരാധീനനായി

author-image
jayasreee
New Update
modi

ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്ന മുഴുവന്‍ നടപടികളും ടെലിവിഷനിലൂടെ തത്സമയം വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിസഭയും രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു.

Advertisment

കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനു പിന്നാലെ പ്രധാനമന്ത്രി വികാരാധീനനായെന്നും വിവരമുണ്ട്. സില്‍ക്യാര രക്ഷാദൗത്യത്തിന്റെ അവസാനഘട്ടത്തിന്റെ അതേസമയം പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭായോഗം ചേരുകയായിരുന്നു.

രാത്രി എട്ട് മണിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചപ്പോള്‍ പ്രധാനമന്ത്രി വളരെ വികാരാധീനനായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 17 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെയും ഇന്നലെ രാത്രിയാണ് രക്ഷപ്പെടുത്തിയത്.  

ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രക്ഷപ്പെടുത്തിയ ശേഷം തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ തുരങ്കത്തിനുള്ളില്‍ തന്നെ നല്‍കിയിരുന്നു. പിന്നീട് ഇവരെ ചിന്യാലിസൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കിടക്കകളും മറ്റും പ്രത്യേകമായി ഒരുക്കിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ആശുപത്രിയിലെത്തി തൊഴിലാളികളെ കണ്ടു. തൊഴിലാളികള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഋഷികേശിലെ എയിംസിലേക്ക് കൊണ്ടുപോയ ഇവരെ കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

കേന്ദ്രത്തിന്റെ ചാര്‍ ധാം പദ്ധതിയുടെ ഭാഗമായ സില്‍ക്യാര തുരങ്കം നവംബര്‍ 12 ന് ആണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ റാറ്റ് ഹോള്‍ ഖനന വിദഗ്ധര്‍ അവശിഷ്ടങ്ങളുടെ അവസാനഭാഗം തകര്‍ത്ത് തൊഴിലാളികളിലേക്ക് എത്തുകയായിരുന്നു.

തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) അസമിലെ സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) ഒരു സംഘം കുടുങ്ങിയ തൊഴിലാളികളെ വീല്‍ സ്ട്രെച്ചറുകളിലൂടെ പുറത്തെത്തിച്ചു.

Advertisment