ഡൽഹി: ഭരണഘടന ജീവിക്കുന്ന രേഖയാണെന്നും വികസിത ഭാരതത്തിന്റെ വഴികാട്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 75ാം വർഷത്തോടനുബന്ധിച്ചു സുപ്രീം കോടതിയിൽ നടന്ന ആഘോഷ വേളയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നു മാത്രമേ താൻ കർത്തവ്യ നിർവഹണം നടത്തിയിട്ടുള്ളു. ആരുടേയും അധികാര പരിധിയിലേക്ക് കടന്നു കയറാൻ താൻ ശ്രമിച്ചിട്ടില്ല. ഭരണഘടന ചുമതലപ്പെടുത്തിയ കാര്യങ്ങളാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയ്ക്കും ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങൾക്കും ആദരമർപ്പിക്കുന്നു. ഇന്ന് മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമാണ്. ഭീകരാക്രമണങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ.
രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘങ്ങൾക്കും നാം ഉചിതമായ മറുപടി നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.