ഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്ത കോണ്‍ഗ്രസിനെ 'വോട്ട്ബാങ്ക് വൈറസ്' ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ആര്‍ അംബേദ്കറുടെ സാമൂഹിക നീതിക്കായുള്ള ഭരണഘടനാ ദര്‍ശനത്തെ സ്വന്തം നേട്ടത്തിനായി ആയുധമാക്കിയും 'പ്രീണനത്തിനുള്ള' ഉപകരണമാക്കി മാറ്റിയും കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും മോദി പറഞ്ഞു.
'കോണ്‍ഗ്രസ് നമ്മുടെ പവിത്രമായ ഭരണഘടനയെ അധികാരം നേടാനുള്ള ആയുധമാക്കി മാറ്റി. അധികാരത്തില്‍ പിടിമുറുക്കാന്‍ ഒരു ഭീഷണി തോന്നിയപ്പോഴെല്ലാം കോണ്‍ഗ്രസ് ഭരണഘടനയെ ചവിട്ടിമെതിച്ചു,' ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
കോണ്‍ഗ്രസ് അംബേദ്കറുടെ 'സമത്വം' എന്ന ദര്‍ശനത്തെ അവഗണിച്ചുവെന്നും പകരം 'വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ്' പ്രചരിപ്പിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
'കോണ്‍ഗ്രസ് ഭരണഘടനയുടെ വിനാശകനായി മാറിയിരിക്കുന്നു. ഡോ. അംബേദ്കര്‍ സമത്വം കൊണ്ടുവരാന്‍ ആഗ്രഹിച്ചു, പക്ഷേ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു.
എല്ലാ ദരിദ്രരും, എല്ലാ പിന്നോക്കക്കാരും അന്തസ്സോടെയും തലയുയര്‍ത്തിയും ജീവിക്കാന്‍ കഴിയണമെന്നും, സ്വപ്നങ്ങള്‍ കാണുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്നുമാണ് അംബേദ്കര്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.