ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ദിവസത്തെ വിദേശ പര്യടനത്തിനായി പുറപ്പെട്ടു. ജൂലൈ 2 മുതല്‍ 9 വരെ നീളുന്ന ഈ സന്ദര്‍ശനം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര യാത്രയാണിത്.
പര്യടനം ഘാനയില്‍ നിന്നാണ് ആരംഭിക്കുന്നത്. ജൂലൈ 2-3 തീയതികളില്‍ അദ്ദേഹം ഘാനയില്‍ തങ്ങും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്. ഘാന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും സാമ്പത്തിക, ഊര്‍ജ്ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.
അതിനുശേഷം, ജൂലൈ 3-4 തീയതികളില്‍ ട്രിനിഡാഡ്-ടൊബാഗോ സന്ദര്‍ശിക്കും. 1999ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യയും ട്രിനിഡാഡ്-ടൊബാഗോയും തമ്മിലുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഇത് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ 4-5 തീയതികളില്‍ അര്‍ജന്റീനയില്‍ പ്രധാനമന്ത്രി മോദി എത്തും. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കും. ഇന്ത്യ-അര്‍ജന്റീന ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കും.
ജൂലൈ 5 മുതല്‍ 8 വരെ ബ്രസീലില്‍ അദ്ദേഹം പങ്കെടുക്കുന്നത് പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ്. റിയോ ഡി ജനീറോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ശേഷം അദ്ദേഹത്തിന് പ്രത്യേക അത്താഴവിരുന്ന് നല്‍കും.
ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ആഗോള ഭരണ പരിഷ്‌കാരങ്ങള്‍, സമാധാനം, സുരക്ഷ, ബഹുമുഖ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തല്‍, എഐയുടെ ഉത്തരവാദിത്ത ഉപയോഗം, കാലാവസ്ഥാ വ്യതിയാന ഭീഷണി, ആഗോള ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സംസാരിക്കും.