/sathyam/media/media_files/2025/08/15/untitledmodd-2025-08-15-15-44-46.jpg)
ഡല്‍ഹി: ആണവോര്‍ജ്ജ രംഗത്ത് ഇന്ത്യ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
10 പുതിയ ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, ഇത് രാജ്യത്തിന്റെ ആണവോര്‍ജ്ജ ശേഷി 10 ഇരട്ടി വരെ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ മേഖലയില്‍ സ്വകാര്യ മേഖലയ്ക്കും വഴി തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിനുള്ള ആശയം 50-60 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ ഉണ്ടായതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാല്‍ ഫയലുകള്‍ മുടങ്ങിപ്പോകുകയും ലക്ഷ്യം നേടാന്‍ കഴിയാതെ വരികയും ചെയ്തു.
'50 വര്‍ഷം മുമ്പുള്ള സെമികണ്ടക്ടര്‍ ഫയല്‍ മുക്കിക്കളഞ്ഞു. പക്ഷേ ഇപ്പോള്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' സെമികണ്ടക്ടര്‍ വിപണിയിലെത്തും. ആറ് യൂണിറ്റുകള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു, നാല് പ്ലാന്റുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച സെമികണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയിലെത്തും,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഊര്‍ജ്ജ മേഖലയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയ്ക്കായി നമ്മള്‍ ഇന്ന് പല രാജ്യങ്ങളെയും ആശ്രയിക്കുന്നുണ്ടെന്നും, ഇതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്നും പറഞ്ഞു. 'ഈ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സ്വയംപര്യാപ്തമാക്കണം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ സൗരോര്‍ജ്ജ ഉത്പാദനം 30 ഇരട്ടി വര്‍ദ്ധിച്ചു,' അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തിലൂടെ പല രാജ്യങ്ങളും ഉന്നതിയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യ ഇപ്പോള്‍ 'സമുദ്ര മന്ഥനത്തിലേക്ക്' നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കടലില്‍ ഒളിഞ്ഞിരിക്കുന്ന വാതക-എണ്ണ ശേഖരം കണ്ടെത്താന്‍ ഉടന്‍ തന്നെ ദേശീയ ഡീപ് വാട്ടര്‍ മിഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം, ഗഗന്‍യാന്‍ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബഹിരാകാശ മേഖലയില്‍ സ്വന്തമായി ഒരു സ്‌പേസ് സെന്റര്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.