/sathyam/media/media_files/2025/05/30/asV0AY6PdT9XiVvNs6du.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് സച്ചിൻ ദത്തയാണ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ചൂടു പിടിച്ചിട്ടുണ്ട്.
1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ ബിരുദം നേടിയതായി പ്രധാനമന്ത്രി മോദി തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് 2016-ൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രധാനമന്ത്രി മോദിയോട് വിദ്യാഭ്യാസ യോഗ്യതകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് വരുന്നത്.
കെജ്രിവാൾ രംഗത്തെത്തുന്നതിന് ഒരു വർഷം മുമ്പ്, ഡൽഹി സർവകലാശാല 1978-ൽ നൽകിയ എല്ലാ ബി.എ ബിരുദങ്ങളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് നീരജ് ശർമ്മ എന്നയാൾ ഒരു വിവരാവകാശ അപേക്ഷ നൽകിയിരുന്നു.
ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ 'സ്വകാര്യമാണെന്നും' അതിന് 'പൊതുതാൽപ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും' ചൂണ്ടിക്കാട്ടി സർവകലാശാല അത് വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഉത്തരവിൽ തൃപ്തനാകാതെ 2016ൽ സർവകലാശാലയുടെ മറുപടിക്കെതിരെ നീരജ് ശർമ്മ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചു.
തുടർന്ന് 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റർ പരസ്യമാക്കാൻ ഡൽഹി സർവകലാശാലയോട് നിർദ്ദേശിച്ചുകൊണ്ട് വിവരാവകാശ കമ്മിഷണർ പ്രൊഫ. എം ആചാര്യലു ഉത്തരവിറക്കി.
ഇത്തേുടർന്ന് 2017-ൽ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർവകലാശാല ഹൈക്കോട തിയെ സമീപിച്ചു.
ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, രാജ്യത്തെ സർവകലാശാലകൾ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ വിശ്വാസപരമായ നിലയിൽ സൂക്ഷിക്കുന്നവയാണെന്നുമുള്ള സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ പരിഗണിച്ച്, 2017- ജനുവരിയിൽ കോടതി നീരജ് ശർമ്മയ്ക്ക് നോട്ടീസ് അയക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
നിലവിൽ കേസ് പരിഗണിച്ച ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്ത വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്. ഇതിനെതിരെ നീരജ് ശർമ്മ ഇനി സുപ്രീം കോടതിയെ സമീപിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
എന്തായാലും മോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള ചർച്ചകൾ ബീഹാറിൽ നടക്കുന്ന വോട്ട് ചോരി സംബന്ധിച്ച റാലിയിൽ കോൺഗ്രസും സഖ്യകക്ഷികളും ഉന്നയിക്കുമോ എന്നതും രാഷ്ട്രീയ ആകാംക്ഷയായി തുടരുകയാണ്.