/sathyam/media/media_files/2025/06/04/lOBlP6Io3HOGaN5ZoAWl.jpg)
സിംഗൂർ: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമത ബാനർജി സർക്കാരിന്റെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും ബംഗാളിന് യഥാർത്ഥ മാറ്റം വേണമെന്നും മോദി വ്യക്തമാക്കി.
സംസ്ഥാനത്തെ യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ശത്രുവാണ് തൃണമൂൽ കോൺഗ്രസെന്ന് മോദി കുറ്റപ്പെടുത്തി. പശ്ചിമബംഗാളിലെ വികസനം വേഗത്തിലാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് തടസ്സപ്പെടുത്തുകയാണ് തൃണമൂൽ കോൺഗ്രസ് ചെയ്യുന്നതെന്നും ആരോപിച്ചു.
ബിഹാറിൽ ബിജെപി ‘ജംഗിൾ രാജിന്’ അന്ത്യം കുറിച്ചതുപോലെ ബംഗാളിലും മാറ്റത്തിന് ജനങ്ങൾ തയ്യാറായിക്കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. ഡൽഹിയിൽ ഇപ്പോൾ ഇരട്ട എൻജിൻ സർക്കാർ വന്നതോടെ വികസനത്തിന് വേഗം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബംഗാളി ഭാഷക്ക് ക്ലാസിക്കൽ പദവി നൽകിയത് ബിജെപി ഭരണകാലത്താണെന്നും ദുർഗാ പൂജയ്ക്ക് യുനെസ്കോ പൈതൃക പദവി ലഭിച്ചത് കേന്ദ്ര സർക്കാരിന്റെ പരിശ്രമം കൊണ്ടാണെന്നും മോദി അവകാശപ്പെട്ടു.
അതിർത്തിയിൽ വേലി കെട്ടുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് തൃണമൂൽ കോൺഗ്രസിന് ഉള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അടുത്ത ഏപ്രിലിൽ നടക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ ഈ പ്രസംഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us