മോസ്‌കോ: മൂന്നാം ഊഴത്തില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മൂന്നാമുഴത്തില്‍ താന്‍ മൂന്നിരട്ടി കരുത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുത്തന്‍ കാലദേശങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ വരാൻ സാധിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുന്നു. താൻ തനിച്ചല്ല, ഇന്ത്യൻ മണ്ണിന്‍റെ ഗന്ധവുമായാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. 140 കോടി ഇന്ത്യാക്കാരുടെ സ്നേഹവും തനിക്കൊപ്പമുണ്ട്.
താന്‍ ചുമതലയേറ്റിട്ട് കൃത്യം ഒരു മാസം പിന്നിട്ടിരിക്കുന്നു. മൂന്നാമുഴത്തില്‍ താന്‍ മൂന്നിരട്ടി കരുത്തോടെ പ്രവര്‍ത്തിക്കും. മൂന്നിരട്ടി വേഗത്തിലും പ്രവര്‍ത്തിക്കും.
സര്‍ക്കാരിന്‍റെ പല ലക്ഷ്യങ്ങള്‍ക്കും മൂന്ന് എന്ന സംഖ്യയ്ക്കും ഏറെ പ്രാധാന്യമുണ്ട്. തന്‍റെ മൂന്നാമൂഴത്തില്‍ രാജ്യത്തെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാക്കി മാറ്റും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ വികസനം കണ്ട് ലോകം അമ്പരക്കുകയാണ്. വിദേശത്ത് നിന്നുള്ളവര്‍ ഇന്ത്യയിലെത്തുമ്പോള്‍ മറ്റൊരു ഭാരതമായിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയുടെ മാറ്റം അവര്‍ക്ക് നന്നായി അറിയാന്‍ സാധിക്കുന്നു.