/sathyam/media/media_files/2025/12/05/putin-2025-12-05-08-40-54.jpg)
ഡൽഹി: അമേരിക്ക വ്യാപാര ഉപരോധം ഏർപ്പെടുത്തിയ സമയത്തും റഷ്യയെ കൈവിടാതെ ഇന്ത്യ. ട്രംപിൻ്റെ ഭീഷണി ഇന്ത്യയ്ക്കു മേൽ മറ്റൊരു കാലത്തും ഇല്ലാത്ത വിധം ശക്തമാണ്. ഇന്ത്യ അമേരിക്കയുടെ ചൊൽപ്പടിക്കു നിൽക്കണമെന്നാണ് ട്രംപിൻ്റെ ആഗ്രഹം.
അതിനു വേണ്ടി ഇന്ത്യയ്ക്കു മേൽ ഇരട്ട നികുതിയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. അപ്പോഴും റഷ്യയെ കൈവിടാൻ ഇന്ത്യ ഒരുക്കമല്ല.
എട്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയും റഷ്യയും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. ലോക രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കിടയിലും ഈ ബന്ധം നിലനിർത്താൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നത് അമേരിക്ക ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഈ സമയത്താണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ - മോഡി കൂടിക്കാഴ്ച ലോകശ്രദ്ധ ആകർഷിക്കുന്നത്.
ഇന്ത്യൻ എത്തിയ പുടിനെ മോഡി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇരുവരും ആലിംഗനം ചെയ്ത് സ്നേഹം പങ്കിട്ടു. തുടർന്ന് പ്രധാനമന്ത്രിയുടെ കാറിൽ മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് യാത്രയായി.
അവിടെ വെച്ച് പുടിന് വേണ്ടി ഒരു സ്വകാര്യ വിരുന്ന് ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് പുടിൻ.
സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോഡിയെന്ന് പുടിൻ പറഞ്ഞത്. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുടിൻ്റെ വാക്കുകൾ.
മോഡിയും താനും തമ്മിൽ നല്ല സൗഹൃദബന്ധമാണുള്ളത്. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക ബന്ധങ്ങൾ, ഉയർന്ന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ മോഡി പ്രതിജ്ഞാബദ്ധനാണെന്ന് പുടിൻ പറഞ്ഞു. മോഡിയെ കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോഡിയെ വിശേഷിപ്പിച്ചത്. ഇത് താൻ ഏറെ ആത്മാർഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു.
ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിൻ പ്രശംസിച്ചു. മോഡിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിൻ ആവർത്തിച്ചു. അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിൻ പറഞ്ഞു.
ഇരട്ട തീരുവ അടക്കം ട്രംപിൻ്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രൈനെതിരായ യുദ്ധം നിറുത്തൂ എന്നും പുടിൻ പറഞ്ഞു.
മോസ്കോയിൽ വെച്ച് മോദിയും പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പുടിൻ ഓർത്തെടുത്തു. 'അന്ന് അദ്ദേഹം ഇവിടെ വരികയും എന്റെ വീട്ടിലിരുന്ന് ചായ കുടിക്കുകയും ചെയ്തു. രാത്രി മുഴുവൻ ഞങ്ങൾ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അതൊരു നല്ല അനുഭവമായിരുന്നു എന്നും പുടിൻ പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയത്.
ഇതിന് മുമ്പ്, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ വെച്ച് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോഡിയും പുടിനും കണ്ടുമുട്ടിയിരുന്നു. അന്ന് പുടിൻ സ്വന്തം കാറിൽ മോഡിയെ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us