'കോവിഡ് പ്രതിസന്ധിയുടെ സമയത്ത് അലവന്‍സ് ഒഴിവാക്കിയ എല്ലാ എംപിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു; ആരും രണ്ടാമതൊന്ന് ആലോചിച്ചില്ല; എംപിമാര്‍ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു, ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കി'; പ്രധാനമന്ത്രി

New Update
parliament

ഡല്‍ഹി: 2020-ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെ പിന്തുണച്ച എല്ലാ എംപിമാരെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണത്തിനുള്ള സബ്സിഡി നിര്‍ത്തലാക്കിയതും മോദി ചൂണ്ടിക്കാട്ടി.

Advertisment

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് പ്രതിസന്ധിക്കിടെ എംപിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്. 

'കോവിഡ് പ്രതിസന്ധിയുടെ സമയത്ത് അലവന്‍സ് ഒഴിവാക്കിയ എല്ലാ എംപിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ആരും രണ്ടാമതൊന്ന് ആലോചിച്ചില്ല. എംപിമാര്‍ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കി. '' പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടെ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും (എംപിമാര്‍) 30 ശതമാനം ശമ്പളം വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

2020-21, 2021-22 എന്നീ രണ്ട് വര്‍ഷത്തേക്ക് പാര്‍ലമെന്റ് അംഗങ്ങളുടെ ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് സ്‌കീം (എംപിഎല്‍എഡിഎസ്) ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

Advertisment