ഹിന്ദു കുടുംബങ്ങളിൽ ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണം: ജനസംഖ്യാ നിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻ ഭാഗവത്

ശരാശരി ജനനനിരക്ക് മൂന്നിന് താഴെയുള്ള സമൂഹങ്ങള്‍ കാലക്രമേണ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

New Update
Untitled

ലഖ്നൗ: ഹിന്ദു സമൂഹത്തിലെ ജനനനിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.

Advertisment

ലഖ്നൗവില്‍ ചൊവ്വാഴ്ച നടന്ന സാമൂഹിക ഐക്യ യോഗത്തില്‍ സംസാരിക്കവേ, ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശരാശരി ജനനനിരക്ക് മൂന്നിന് താഴെയുള്ള സമൂഹങ്ങള്‍ കാലക്രമേണ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

വിവാഹം കേവലം വ്യക്തിപരമായ സന്തോഷത്തിനല്ലെന്നും, അത് പ്രപഞ്ച സൃഷ്ടിയുടെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതായി വിവാഹിതരാകുന്ന ദമ്പതികളെ ഈ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.


അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്ന കര്‍ശന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരക്കാര്‍ക്ക് തൊഴില്‍ നല്‍കരുത്. കൂടാതെ, പ്രലോഭനങ്ങളിലൂടെയും നിര്‍ബന്ധത്തിലൂടെയും നടത്തുന്ന മതപരിവര്‍ത്തനം തടയണം. ഹിന്ദു ധര്‍മ്മം ഉപേക്ഷിച്ചു പോയവരെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സമൂഹത്തിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യം അത്യാവശ്യമാണെന്ന് ഭാഗവത് പറഞ്ഞു. വിയോജിക്കുന്നവരെ ശത്രുക്കളായി കാണരുത്. സംഘര്‍ഷത്തിന് പകരം ഏകോപനത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.

സ്ത്രീകളെ കുടുംബത്തിന്റെ അടിത്തറയായും മാതൃശക്തിയായും അദ്ദേഹം വിശേഷിപ്പിച്ചു. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment