ഡല്‍ഹി: അതിസമ്പന്നരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. ഈ സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയലിംഗ് ഡാറ്റയുടെ വിശകലനത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
നേരത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണിക്കുന്നത്. 2023 ഡിസംബർ 31 ഓടെ കോടീശ്വരന്മാരുടെ എണ്ണം 2.16 ലക്ഷത്തിൽ എത്തിയിട്ടുണ്ടെന്നാണ് പാർലമെൻ്റിൽ സർക്കാർ വ്യക്തമാക്കിയത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്സഭയിൽ രാജ്യത്തെ കോടീശ്വരന്മാരുടെ വിവരങ്ങൾ അവതരിപ്പിച്ചത്. ഇതോടൊപ്പം ഈ സാമ്പത്തിക വർഷം വരുമാനം പുതുക്കിയ നികുതിദായകരുടെ വിവരങ്ങളും അവതരിപ്പിച്ചു.
ഇന്ത്യയിലെ സമ്പന്നരുടെ എണ്ണത്തിലുണ്ടായ ഈ വർധന രാജ്യത്തിൻ്റെ വളർച്ചാ നിരക്ക് വർദ്ധിക്കുന്നതിൻ്റെ ശക്തമായ സൂചനയാണെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യത്തിൽ വരും കാലങ്ങളിൽ ഇന്ത്യയിലെ സമ്പന്നരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്, സമ്പന്നന്മാരുടെ എണ്ണം വർഷം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2023-24 ലെ മൂല്യനിർണ്ണയ വർഷത്തിൽ വരുമാന വിവരങ്ങൾ നൽകിയത് 12,218 പേരായിരുന്നു, ഇത് 2022-23 ലെ മുൻവർഷത്തേക്കാൾ കൂടുതലാണ്. ഈ വർഷം 10,528 പേർ വിവരങ്ങൾ നൽകിക്കഴിഞ്ഞു.
2022-23 ൽ രാജ്യത്ത് ഒരു കോടി രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവരുടെ എണ്ണം 1,87,000 ആയിരുന്നു. എന്നാൽ 2023-24 മൂല്യനിർണ്ണയ വർഷത്തിൽ ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ള ആളുകളുടെ എണ്ണം 2.16 ലക്ഷമാണെന്നും കണക്കാക്കപ്പെടുന്നു.