പണമിടപാടുകാരന്റെ ക്രൂരത: സൂറത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു; കൈക്കുഞ്ഞ് ചികിത്സയിൽ

ബാല്‍മുകുന്ദ് സംഭവസ്ഥലത്തും ഭാര്യയും മൂത്ത മകളും ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. ഇവരുടെ ഇളയ മകള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

New Update
crime

സൂറത്ത്: പണമിടപാടുകാരന്റെ മാനസികവും സാമ്പത്തികവുമായ പീഡനത്തെത്തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. സൂറത്തിലെ പ്രമുഖ താമസമേഖലയായ വേസുവിലെ 'ഹാപ്പി എലിഗന്‍സ്' അപ്പാര്‍ട്ട്മെന്റിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

Advertisment

ബീഹാര്‍ സ്വദേശിയും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓഹരി വിപണിയില്‍ ട്രേഡിംഗ് നടത്തിവരികയുമായിരുന്ന ബാല്‍മുകുന്ദ് ഖേതന്‍, ഭാര്യ പ്രിയങ്ക, മൂത്ത മകള്‍ എന്നിവരാണ് മരിച്ചത്. മാരകമായ വിഷം കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്.


ബാല്‍മുകുന്ദ് സംഭവസ്ഥലത്തും ഭാര്യയും മൂത്ത മകളും ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. ഇവരുടെ ഇളയ മകള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഒരു വ്യക്തിയില്‍ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

പ്രതി ബാല്‍മുകുന്ദിന്റെ ക്രെഡിറ്റ് കാര്‍ഡും കാറും ബലമായി കൈക്കലാക്കുകയും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അനാവശ്യമായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും ചെയ്തതായി കുറിപ്പില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.


ചൊവ്വാഴ്ച വൈകുന്നേരം 4:11-ന് ബാല്‍മുകുന്ദിന്റെ മകള്‍ സുഹൃത്തായ സഞ്ജയ് അഗര്‍വാളിനെ വിളിച്ച് 'പപ്പ നിലത്ത് കിടക്കുകയാണ്, വേഗം വരൂ' എന്ന് കരഞ്ഞുകൊണ്ട് പറയുകയായിരുന്നു. അദ്ദേഹം എത്തുമ്പോഴേക്കും നാലുപേരും അവശ നിലയിലായിരുന്നു.


ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വേസു പോലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.സി. ജാദവ് അറിയിച്ചു.

Advertisment