പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമില്ല, വഴക്ക് പതിവ്; ഒടുവില്‍ മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ

New Update
G

ഡൽഹി: രാജസ്ഥാനിലെ അജ്മീറില്‍ മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ. പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമില്ലാത്തതിനെ തുടര്‍ന്നാണ് അമ്മ ഇത്തൊരമൊരു ക്രൂരകൃത്യം നടത്തിയതെന്നും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. 28കാരിയായ അഞ്ജലിയാണ് അറസ്റ്റിലായത്.

Advertisment

കഴിഞ്ഞ ദിവസം പെട്രോളിങ്ങിനിറങ്ങിയ പൊലീസ് തടാകത്തിന് സമീപത്തായി യുവതിയെയും യുവാവിനെയും കണ്ടു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് കുഞ്ഞിനെ കാണാനില്ലെന്നും അന്വേഷിക്കുകയാണെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പരാതി എഴുതിയെടുക്കുകയും ഇരുവരെയും വിട്ടയക്കുകയും ചെയ്തു.

പിറ്റേദിവസം സമീപത്തെ സിസിടിവി പരിശോധിച്ചതോടെയാണ് കൊലപാതകം ചുരുളഴിയുന്നത്. അഞ്ജലി ആനാ സാഗര്‍ തടാകത്തിനടുത്തേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു. എന്നാല്‍ തടാകത്തിന് സമീപത്തു നിന്നും തിരിച്ചു വരുമ്പോള്‍ യുവതിയുടെ കൈയ്യില്‍ കുട്ടിയുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് യുവതിയെ വിളിച്ചു വരുത്തുകയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

പങ്കാളിക്ക് കുഞ്ഞിനെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് കൃത്യം നടത്തിയതെന്നും യുവതി സമ്മതിച്ചു. എന്നാല്‍ യുവാവിന് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും തടാകത്തിന് സമീപം പൊലീസ് കണ്ട സമയം കുഞ്ഞിനെ കാണാനില്ലെന്ന് ഭാവിച്ച് യുവതി യുവാവിനെ സ്ഥലത്തെത്തിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കുഞ്ഞിന്റെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു കഴിയുന്ന അഞ്ജലി യുവാവിന്റെ കൂടെ താമസിക്കാനാണ് അജ്മീറിലെത്തിയത്.

Advertisment