/sathyam/media/media_files/2026/02/13/mri-2026-02-13-14-16-57.jpg)
ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ എംആര്‍ഐ സ്‌കാനിംഗിനിടെ ആരോഗ്യനില വഷളായ ആറുവയസ്സുകാരന്‍ മരിച്ചു.
ഡോക്ടര്‍മാരുടെ അശ്രദ്ധയും അനസ്‌തേഷ്യയുടെ അളവില്‍ വന്ന മാറ്റവുമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സെക്ടര്‍ പി3-ലെ കെബി ഹെല്‍ത്ത്‌കെയര്‍ സെന്ററിലാണ് സംഭവം.
ഡങ്കൗറിലെ റീല്‍ഖ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകനെയാണ് പരിശോധനയ്ക്കായി സെന്ററില്‍ എത്തിച്ചത്. സ്‌കാനിംഗിന് മുന്നോടിയായി കുട്ടിക്ക് ഒരു കുത്തിവയ്പ്പ് നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെ നല്‍കിയ മരുന്നിന്റെ അളവ് കൂടിയതാണ് കുട്ടിയുടെ നില വഷളാകാന്‍ കാരണമായതെന്ന് പിതാവ് ആരോപിക്കുന്നു.
കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തരായ കുടുംബം ഡോക്ടര്‍മാരോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പരാതിയുണ്ട്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവമറിഞ്ഞ് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരും നാട്ടുകാരും ഡയഗ്‌നോസ്റ്റിക് സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു. രാവിലെ കേന്ദ്രത്തിലെത്തിക്കുമ്പോള്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്ന് ബികെയു സംസ്ഥാന വക്താവ് പവന്‍ ഖതാന പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബീറ്റ 2 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. എംആര്‍ഐ സ്‌കാനിംഗിനായി നല്‍കിയ അനസ്‌തേഷ്യയെത്തുടര്‍ന്നാണ് കുട്ടിയുടെ നില വഷളായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us