ബംഗളൂരു: മുഡ അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ഡിസംബര്‍ 10ലേക്ക് മാറ്റി.
ലോകായുക്ത അന്വേഷണത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയാണ് ഹര്‍ജി നല്‍കിയത്.
ലോകായുക്ത പോലീസില്‍ വിശ്വാസമില്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്‍ പിടിഐയോട് പറഞ്ഞു.
നേരത്തെ മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടണമെന്ന വിധിക്ക് പിന്നാലെ മൈസൂരു നഗരവികസന സമിതി തലവന്‍ കെ. മാരി ഗൗഡ രാജിവെച്ചിരുന്നു.
തന്നോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ഇതുവരെ സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്ക് പിന്നില്‍ സമ്മര്‍ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ലോകായുക്ത ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികള്‍.
ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ കേസ്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അതിന് പകരമായി അതിനേക്കാള്‍ മൂല്യമുള്ള സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം.
സഹോദരന്‍ മല്ലികാര്‍ജുന സ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്. 3000-4000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.