/sathyam/media/media_files/2026/02/15/mumbai-2026-02-15-08-00-52.jpg)
മുംബൈ: മുളുന്ദ് വെസ്റ്റിൽ മെട്രോ സ്ലാബ് തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് മഹാരാഷ്ട്ര സർക്കാർ. പദ്ധതിയിൽ ഉൾപ്പെട്ട കരാറുകാർക്കും കൺസൾട്ടൻ്റുകൾക്കും 6 കോടി രൂപ പിഴ ചുമത്തുകയും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ പിരിച്ചുവിടുകയും ചെയ്തു. കൂടാതെ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ കരാറുകാരുടെ അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് നിർമാണത്തിലിരുന്ന മെട്രോ തൂണിൻ്റെ സിമൻ്റ് സ്ലാബ് തകർന്നു വീണ് ഒരാൾ മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. മുളുണ്ടിലെ എൽബിഎസ് മാർഗിൽ നിർമ്മാണത്തിലിരിക്കുന്ന വഡാല- താനെ മെട്രോ ലൈൻ -4 ന്റെ ഒരു സ്ലാബ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലായി വീണു. വാഹനത്തിലുണ്ടായിരുന്ന പ്രാദേശിക സമാജ്‌വാദി പാർട്ടി നേതാവും ഗ്രാമത്തലവനുമായ രാംധാൻ യാദവ് അപകടത്തിൽ മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. യാദവിന്റെ കുടുംബത്തിന് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ സത്യജീത് സാൽവെയെ സസ്പെൻഡ് ചെയ്യാൻ ഉപമുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉത്തരവിട്ടു.കരാറുകാർക്കും കൺസൾട്ടന്റുമാർക്കും, മിലാൻ റോഡ് ബിൽഡ്‌ടെക്കിനും, ലൂയിസ് ബെർഗറിനും 6 കോടി രൂപ പിഴ ചുമത്തിയതായും അദ്ദേഹം വ്യക്തമാക്കി.മെട്രോ പാതയുടെ മുഴുവൻ സുരക്ഷയും ഘടനാപരവുമായ ഓഡിറ്റിനും ഷിൻഡെ ഉത്തരവിട്ടു.
എന്നാൽ ജനങ്ങളുടെ ജീവന് സർക്കാർ വില കൽപ്പിക്കുന്നില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. മുംബൈ നിവാസികളുടെ ജീവിതം വിലകുറഞ്ഞതാണോ എന്ന് കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദും ചോദിച്ചു. ബിജെപി ഭരണത്തിൽ ജീവിതത്തിന് ഒരു വിലയുമില്ലെന്ന് ശിവസേന നേതാവും വോർളി എംഎൽഎയുമായ ആദിത്യ താക്കറെ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us