/sathyam/media/media_files/2025/09/06/1001231161-2025-09-06-10-43-39.webp)
മുംബൈ: 400 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ച് ഒരു കോടിയാളുകളെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അശ്വിനി കുമാറിനെയാണ് നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി നോയിഡയിൽ താമസിക്കുന്ന ഇയാൾ ഒരു ജ്യോത്സനാണെന്നാണ് പൊലീസ് പറയുന്നത്.
തന്റെ സുഹൃത്തായ ഫിറോസിനെ കുടുക്കാന്‍ വേണ്ടിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് എഫ്ഐആര്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ പട്‌നയിലെ ഫുൽവാരി സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ അശ്വിനി കുമാര്‍ മൂന്ന് മാസം ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭീഷണി സന്ദേശം അയച്ചത്.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന്റെ പേരിലാണ് അശ്വിനിയുടെ ജയില്‍വാസം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാളുടെ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു.
ഏഴോളം ഫോണുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നോയിഡയിൽ നിന്ന് ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരും.
34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിൽ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്.
പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. 'ലഷ്കർ-ഇ-ജിഹാദി' എന്ന പേരിലായിരുന്നു ഭീഷണി സന്ദേശം.