/sathyam/media/media_files/2025/10/18/images-1280-x-960-px398-2025-10-18-13-53-25.jpg)
മുംബൈ: ഔറംഗാബാദിനെ പേരുമാറ്റി ഛത്രപതി സംഭാജിനഗർ എന്നാക്കിയതിന് പിന്നാലെ ഔറംഗാബാദ് എന്ന റെയിൽവേ സ്റ്റേഷനും ഇനി പഴങ്കഥ.
റെയിൽവേ സ്റ്റേഷനെ ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത് മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ 2023ൽ ആണ് ഔറംഗാബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്.
ഉദ്ധവ് താക്കറെ നേതൃത്വം നൽകിയ മഹാ വികാസ് അഘാഡി സർക്കാരിന്റെ 2022 ജൂൺ 29 ന് നടന്ന അവസാന കാബിനറ്റ് യോഗത്തിൽ ആയിരുന്നു ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ പുനർനാമകരണം സംബന്ധിച്ച പ്രാരംഭ നിർദേശം ഉണ്ടായത്.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരിലറിയപ്പെട്ടിരുന്ന നഗരത്തിന് മറാത്ത ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിന്റെ മകനോടുള്ള ആദരസൂചകമായാണ് പുതിയ പേര് നിർദേശിച്ചത്.
മൂന്ന് വർഷത്തിന് ഇപ്പുറം ഔറംഗബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 പുറപ്പെടുവിച്ചത്.
1900 ൽ ആണ് ഔറംഗാബാദ് സ്റ്റേഷൻ നിലവിൽ വന്നത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഉസ്മാൻ അലി ഖാൻ ആണ് സ്റ്റേഷൻ പണികഴിപ്പിച്ചത്.
നിലവിൽ സൗത്ത് സെൻട്രൽ റെയിൽവേ സോണിലെ നാന്ദേഡ് ഡിവിഷന്റെ കീഴിലാണ് സ്റ്റേഷൻ ഉൾപ്പെടുന്നത്. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളുമായി കണക്ടിവിറ്റിയുള്ള നഗരം കൂടിയാണിത്.
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട അജന്ത , എല്ലോറ ഗുഹകൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശത്തോട് ഏറ്റവും അടുത്തുള്ള നഗരം കൂടിയാണ് ഛത്രപതി സംഭാജിനഗർ എന്ന പഴയ ഔറംഗാബാദ്. ബീബി കാ മക്ബറ, ഔറംഗാബാദ് ഗുഹകൾ തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങളും നഗരത്തിലുണ്ട്.