/sathyam/media/media_files/2025/08/28/building-collapsed-2025-08-28-08-31-42.jpg)
മഹാരാഷ്ട്രയിലെ വിരാര്‍ ഈസ്റ്റില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 47 കാരനായ ഉടമയെ അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ കുറഞ്ഞത് 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദുറാനി ജഖര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച റവന്യൂ വകുപ്പും പോലീസും മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വ്യക്തമാക്കി. ”എന്‍ഡിആര്‍എഫിന്റെ മേല്‍നോട്ടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.
2011-ല്‍ നിര്‍മ്മിച്ച 50 ഓളം ഫ്‌ലാറ്റുകള്‍ സ്ഥിതി ചെയ്യുന്ന രമാഭായ് അപ്പാര്‍ട്ട്‌മെന്റ് സുരക്ഷിതമല്ലെന്ന് വസായ്-വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ടവരില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്ന ജോവില്‍ കുടുംബത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഉത്കര്‍ഷ എന്ന പെണ്‍കുട്ടിയും അമ്മ അരോഹിയും മരിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ഓംകാര്‍ ജോവിലിനെ ഇപ്പോഴും കാണാനില്ല. വസായ്-വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.