മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ബാബ സിദ്ദീഖിന്റെ കൊലപാതകത്തിനു പിന്നിൽ ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി

പിടിയിലായ രണ്ട് പ്രതികൾ തങ്ങൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അം​ഗങ്ങളാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു

New Update
NCP

മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ബാബ സിദ്ദീഖിന്റെ കൊലപാതകത്തിനു പിന്നിൽ ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി

Advertisment

മഹാരാഷ്ട്ര:  ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധമാണ് എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണമെന്ന് കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം. കൊലപാതകത്തിൽ ​ഗുണ്ടാ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് അവർ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
പിടിയിലായ രണ്ട് പ്രതികൾ തങ്ങൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അം​ഗങ്ങളാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ​ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമനായ യുപി സ്വദേശി ശിവകുമാറാണ് രക്ഷപെട്ടത്. 

ബോളിവുഡ് താരം സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ബാബ സിദ്ദീഖി. സൽമാന് ഖാന് നിരവധി തവണ ലോറൻസ് ബിഷ്ണോയ് സംഘത്തിൽനിന്ന് വധഭീഷണിയും വധശ്രമവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടനുമായുള്ള ബന്ധത്തിന്റെ പേരിൽ സിദ്ദീഖിയെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയിരിക്കുന്നത്.

 ബോളിവുഡ് നടൻ സൽമാൻ ഖാനും അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, അനുജ് ഥാപ്പാൻ എന്നിവരുമായുള്ള സിദ്ദീഖിൻ്റെ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംഘാംഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

'സൽമാൻ ഖാൻ- ഞങ്ങൾക്ക് ഈ യുദ്ധം ആവശ്യമില്ലായിരുന്നു. പക്ഷേ നിങ്ങൾ ഞങ്ങളുടെ സഹോദരൻ്റെ ജീവൻ നഷ്ടപ്പെടുത്തി. ഇന്ന് ബാബ സിദ്ദീഖിയുടെ കാര്യം കഴിഞ്ഞു. ഞങ്ങളുടെ സഹോദരങ്ങളെ ആരെങ്കിലും കൊന്നാൽ ഞങ്ങൾ പ്രതികരിക്കും. ഞങ്ങൾ ആദ്യം അങ്ങോട്ട് കയറി പ്രശ്നമുണ്ടാക്കാറില്ല. ജയ് ശ്രീറാം, ജയ് ഭാരത്, രക്തസാക്ഷികൾക്ക് സല്യൂട്ട്'- പോസ്റ്റിൽ പറയുന്നു.

കേസിൽ ഇനി ഒരാൾ കൂടിയാണ് പിടിയിലാവാനുള്ളത്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ ഊർജിതമാണെന്ന് അന്വേഷണ സംഘം അറയിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസിൽ അന്വേഷണം നടത്തുന്നത്. സിദ്ദീഖിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ വേലി ചാടി ഓടിയ പ്രതികളെ ഒരു കുറ്റിക്കാട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്.

Advertisment