മുംബൈ: കുഞ്ഞിനോടപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ തമാശയായി അടിച്ചപ്പോൾ താഴെ വീണ മൂന്നു വയസുകാരി മരിച്ചു. മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ മാതൃസഹോദരൻ അറസ്റ്റിൽ.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഹിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഡംപ് യാർഡിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
നവംബർ 18 ന് രാത്രി 11 മണിയോടെയാണ് മരിച്ച പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത്. കുട്ടിയുടെ മാതൃസഹോദരൻ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. പക്ഷേ അവളെ കൊല്ലാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സംഭവിച്ചത് അപകടമാണെന്നാണ് 38കാരനായ പ്രതി പൊലീസിന് നൽകിയ മൊഴി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, കുഞ്ഞിനോടപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ തമാശയായി അടിച്ചപ്പോൾ കുട്ടി സ്ലാബിലിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. കുഞ്ഞ് മരണപ്പെട്ട വെപ്രാളത്തിൽ ഭയന്ന് കുഞ്ഞിനെ കത്തിക്കുകയും ഉല്ലാസ് നഗറിനടുത്തുള്ള കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നെന്നാണ് പ്രതി മൊഴി നൽകിയത്.