ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ക്ഷാമബത്ത വർധിപ്പിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ

അനുവദിക്കപ്പെട്ട 7.17 ലക്ഷം തസ്തികകളിൽ 35 ശതമാനം മാത്രമേ നിയമനം നടത്തിയിട്ടുള്ളൂ

New Update
fadnavis

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മഹായുതി സർക്കാർ മുന്നോട്ടുവച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ജീവനക്കാർ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്ക് ജീവനക്കാരുടെ സംഘടന കത്തുനൽകി.

Advertisment

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ക്ഷാമബത്ത വർധിപ്പിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.


അനുവദിക്കപ്പെട്ട 7.17 ലക്ഷം തസ്തികകളിൽ 35 ശതമാനം മാത്രമേ നിയമനം നടത്തിയിട്ടുള്ളൂ. ബാക്കി തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. 2024 ജുലൈ ഒന്നുമുതൽ ക്ഷാമബത്ത 50ൽ നിന്ന് 53 ശതമാനമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. 


എന്നാൽ ഇതുവരെ വർധന വരുത്താൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ക്ഷാമബത്ത വർധിപ്പിക്കുമെന്ന് എൻഡിഎ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഭരണത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

വിലക്കയറ്റവും വർധിച്ച ജീവിതച്ചെലവും താങ്ങാനാകാതെ ജീവനക്കാർ ദുരിതമനുഭവിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി തീരുമാനം പ്രഖ്യാപിക്കണമെന്നും ഫെഡറേഷൻ കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ മാതൃകയിൽ വിരമിക്കൽ പ്രായം 60 ആയി ഉയർത്തണമെന്നും നേതാക്കൾ പറഞ്ഞു

Advertisment