മുംബൈ: ജനങ്ങൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടണമെന്ന് മഹാരാഷ്ട്ര നവനിര്‍മാൺ സേന അധ്യക്ഷൻ രാജ് താക്കറെ.
ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം താൻ തൊട്ടുപോലും നോക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാ കുംഭമേളയിൽ നിന്ന് കൊണ്ടുവന്ന വെള്ളം കുടിക്കാൻ താൻ വിസമ്മതിച്ചതായും താക്കറെ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ 19-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. വിദേശരാജ്യങ്ങളില്‍ നദികളെ മാതാവെന്ന് വിളിക്കാറില്ല. അവയൊന്നും മലിനവുമല്ല, മറിച്ച് സഫ്ടിക ശുദ്ധമാണ്. നമ്മുടെ രാജ്യത്ത്, മലിനമായ എല്ലാ വെള്ളവും നദികളിലേക്ക് തള്ളപ്പെടുന്നു ' താക്കറെ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഗംഗാ നദി മാലിന്യ മുക്തമാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇന്ന് വരെ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.