മുംബൈ: മുംബൈയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാല് തൊഴിലാളികൾ മരിച്ചു.
അപകടത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. നാൽപതിലധികം നിലകളുള്ള കെട്ടിടത്തിലെ ബേസ്മെന്റിലുള്ള ടാങ്കിലാണ് ഞായറാഴ്ച തൊഴിലാളികൾ യാതൊരു സുരക്ഷാ സൗകര്യങ്ങളും ഇല്ലാതെ ഇറങ്ങിയത്.
രണ്ട് വർഷമായി അടച്ചിട്ടിരുന്ന ഈ ടാങ്കിൽ ചെളിയും മറ്റ് വസ്തുക്കളുടെ അവശിഷ്ടങ്ങളുമെല്ലാം ഉണ്ടായിരുന്നു.
ദീർഘകാലത്തെ രാസ പ്രവർത്തനങ്ങൾ കാരണം ടാങ്കിൽ വിഷവാതകങ്ങൾ നിറഞ്ഞിരിക്കാം എന്നാണ് അനുമാനം. ടാങ്കിനുള്ളിലെ അപകടാവസ്ഥയെ കുറിച്ച് ഇവർക്ക് ധാരണയുമില്ല.
സുരക്ഷാ കിറ്റുകളൊന്നും നൽകിയിരുന്നില്ലെന്നും ടാങ്ക് കുറച്ച് നേരം തുറന്നിട്ട് വാതകങ്ങൾ പുറത്ത് പോകാൻ സമയം കൊടുക്കണമായിരുന്നു എന്നുമാണ് പരിക്കുകളോടെ രക്ഷപ്പെട്ട തൊഴിലാളി പൊലീസിനോട് വെളിപ്പെടുത്തി.
ബിൽഡറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ലേബർ കോൺട്രാക്ടറെ പൊലീസ് ചോദ്യം ചെയ്തു. ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.