മുംബൈ: എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും സ്റ്റാര്‍ലിങ്കുമായി കരാർ ഒപ്പിട്ടു. രാജ്യത്ത് സ്‌റ്റാർലിങ്ക് സേവനങ്ങൾ വിൽക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങൾ സ്‌പേസ് എക്‌സിന് ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും പ്രസ്‌തുത കരാർ.
അംഗീകാരം ലഭിച്ചാൽ ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷനുകള്‍ ലഭ്യമാക്കും.
സ്റ്റാര്‍ലിങ്കുമായുള്ള കരാർ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ മികച്ച ബ്രോഡ് ബാന്‍ഡ് സേവനം എത്തിക്കാന്‍ ഉപകരിക്കുമെന്ന് ജിയോ അവകാശപ്പെട്ടു.
വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി സ്റ്റാര്‍ലിങ്കിന് ലഭ്യമായിട്ടില്ല. ഈ അനുമതികള്‍ ലഭിച്ചാലെ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും മിതമായ നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു.