മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുക ലക്ഷ്യമെന്ന് എൻഐഎ വാർത്താക്കുറിപ്പ്. തഹാവൂര്‍ റാണയെ കൈമാറുന്ന പ്രക്രിയയിലുടനീളം എൻഐഎ, എഫ്‌ബിഐ, യുഎസ്‌ഡിഒജെ, എന്നിവയുമായി ഏറ്റവും യോജിപ്പോടെ പ്രവർത്തിച്ചു.
രാജ്യത്തെ ഭീകരവാദക്കേസിൽ ഉൾപ്പെട്ടാൽ അവർ ലോകത്തിന്‍റെ ഏത് ഭാഗത്താണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇന്ത്യയുടെ ഇത്തരം ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പാണ് റാണയുടെ കൈമാറ്റമെന്നും കുറിപ്പിൽ പറയുന്നു.
18 ദിവസത്തേക്കാണ് റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെയാവും ഭീകരാക്രമണത്തിലെ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരിക.
ഇന്നലെ വൈകിട്ടോടെയാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഡൽഹി പോലീസ് 'സ്വാറ്റ് ' സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്.
തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയത്.