മുംബൈ: ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധത്തെ തുടർന്ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്നു മഹാരാഷ്ട്ര സർക്കാർ പിന്മാറി.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 16നാണ് ഇംഗ്ലീഷിനും മറാഠിക്കും പുറമെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സർക്കാർ മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ത്രിഭാഷാ നയം പ്രായോഗികമാണോ എന്നും അത് എങ്ങനെ നടപ്പിലാക്കണമെന്നുമുള്ള കാര്യങ്ങളില്‍ നിർദേശം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.