/sathyam/media/media_files/2026/03/08/untitled-2026-03-08-11-53-24.jpg)
കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഗുരുതരമായ സുരക്ഷാ-പ്രോട്ടോക്കോള്‍ വീഴ്ചകളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പായി വിശദീകരണം നല്‍കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കി.
രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ, ചീഫ് സെക്രട്ടറിയോ, ഡിജിപിയോ വിമാനത്താവളത്തില്‍ എത്തിയില്ല. സിലിഗുരി മേയര്‍ മാത്രം എത്തിയത് 'ബ്ലൂ ബുക്ക്' ചട്ടങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്കായി സജ്ജീകരിച്ച വരാന്തയിലെ ശുചിമുറിയില്‍ വെള്ളം ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തല്‍ വലിയ വിവാദമായിരിക്കുകയാണ്.
രാഷ്ട്രപതി സഞ്ചരിച്ച പാതയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയാണിതെന്ന് കേന്ദ്രം ആരോപിച്ചു.
ഡാര്‍ജിലിംഗ് ജില്ലാ കളക്ടര്‍, സിലിഗുരി പോലീസ് കമ്മീഷണര്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കേന്ദ്രം ആരാഞ്ഞു.
ബാഗ്ഡോഗ്രയിലെ ഗോത്രവര്‍ഗ സംഗമത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ രാഷ്ട്രപതി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവസാന നിമിഷം വേദി മാറ്റിയത് ആളുകള്‍ എത്തുന്നതിന് തടസ്സമായെന്നും ഇതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യക്കുറവാണോ എന്നും അവര്‍ ചോദിച്ചു.
'മമത എന്റെ അനിയത്തിയെപ്പോലെയാണ്. അവര്‍ക്ക് എന്നോട് ദേഷ്യമാണോ എന്ന് അറിയില്ല,' എന്നായിരുന്നു രാഷ്ട്രപതിയുടെ മറുപടി.
ബംഗാള്‍ സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ടിഎംസി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും ഇത് സമാനതകളില്ലാത്ത നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പരമോന്നത ഭരണഘടനാ പദവിയോട് ബംഗാള്‍ സര്‍ക്കാര്‍ കാട്ടിയത് ദൗര്‍ഭാഗ്യകരമായ സമീപനമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us