/sathyam/media/media_files/2026/03/04/untitled-2026-03-04-15-36-02.jpg)
ലണ്ടന്‍: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക വീണ്ടെടുക്കലില്‍ നിര്‍ണ്ണായക നേട്ടം. പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധ തിരുമങ്കൈ ആള്‍വാറിന്റെ വെങ്കല വിഗ്രഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആഷ്മോളിയന്‍ മ്യൂസിയം ഇന്ത്യയ്ക്ക് കൈമാറി. ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ഔദ്യോഗിക ചടങ്ങിലാണ് വിഗ്രഹം ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയത്.
തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണ് ഈ പുരാതന വിഗ്രഹമെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. 1967-ല്‍ പ്രശസ്തമായ 'സോത്ത്ബീസ്' ലേലത്തിലൂടെയാണ് മ്യൂസിയം ഈ വിഗ്രഹം സ്വന്തമാക്കിയത്.
2019 നവംബറില്‍ ഒരു സ്വതന്ത്ര ഗവേഷകന്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമായത്. തമിഴ്നാട്ടിലെ തടിക്കൊമ്പുവിലുള്ള ശ്രീ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തിലേതാണ് ഈ വിഗ്രഹമെന്ന് അദ്ദേഹം കണ്ടെത്തി.
ഗവേഷകന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് വിഗ്രഹത്തിന്റെ ഉത്ഭവം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ മ്യൂസിയം അധികൃതര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
ദീര്‍ഘകാലത്തെ നിയമപരമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വിഗ്രഹം കൈമാറാന്‍ തീരുമാനമായത്. ദശാബ്ദങ്ങള്‍ വിദേശ മണ്ണില്‍ കഴിഞ്ഞ വിഗ്രഹം വൈകാതെ തമിഴ്നാട്ടിലെ തടിക്കൊമ്പു ക്ഷേത്രത്തില്‍ തിരികെ എത്തിക്കും.
ഇന്ത്യയുടെ മോഷണം പോയ പുരാവസ്തുക്കള്‍ ആഗോളതലത്തില്‍ നിന്ന് വീണ്ടെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും ശ്രമങ്ങള്‍ക്ക് ലഭിച്ച വലിയ വിജയമാണിതെന്ന് അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us