ഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. 2025 ജൂലൈ 3-ന് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സിന്റെ അക്കൗണ്ടുകളും ഉള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി എക്‌സ് ആരോപിച്ചു.
ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഒരു മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും, വിശദീകരണമൊന്നും നല്‍കാതെ അക്കൗണ്ടുകള്‍ തടയണമെന്നും ആവശ്യപ്പെട്ടുവെന്നാണ് എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ട് വ്യക്തമാക്കുന്നത്.
ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് എക്‌സ് ആരോപിച്ചു. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും @ReutersWorld എന്ന അക്കൗണ്ടും ഇന്ത്യയില്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.
'നിയമപരമായ നടപടി' എന്ന സന്ദേശത്തോടെയാണ് അക്കൗണ്ടുകള്‍ തടയപ്പെട്ടത്. എന്നാല്‍, ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചതിനെ തുടര്‍ന്ന്, ജൂലൈ 6-ന് രാത്രി 9 മണിക്ക് ശേഷം ഈ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കപ്പെട്ടു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ജൂലൈ 3-ന് പുതിയ ബ്ലോക്കിംഗ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും, റോയിട്ടേഴ്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും, അക്കൗണ്ടുകള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എക്‌സിനോട് ആവശ്യപ്പെട്ടതായും കേന്ദ്രം വ്യക്തമാക്കി.
എക്‌സിനും ഇന്ത്യന്‍ സര്‍ക്കാരിനും ഇടയില്‍ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച നിയമപരമായ തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.