ജമ്മു: കേന്ദ്രഭരണ പ്രദേശത്ത് വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തിന് സൗജന്യമായി ഭൂമി നല്‍കിയതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു വിവരവുമില്ലെന്ന് ജമ്മു കശ്മീര്‍ മന്ത്രി ജാവേദ് അഹമ്മദ് ദാര്‍. ഈ വിഷയം അന്വേഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സിപിഐഎം എംഎല്‍എ എം വൈ തരിഗാമിയും കോണ്‍ഗ്രസ് നേതാവ് ജി എ മിറും ഈ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് മറുപടി.
ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ 1,600 കോടി രൂപയുടെ പദ്ധതിക്കായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ കമ്പനിയായ 'സിലോണ്‍ ബിവറേജസിന്' 25.75 ഏക്കര്‍ ഭൂമി അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വിഷയം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാരിന് ഇതുസംബന്ധിച്ച് ഒരു വിവരവുമില്ലെന്നും മന്ത്രി പറഞ്ഞു. ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
നിയമസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ആരുടെയും പേര് പരാമര്‍ശിക്കാതെ എംഎല്‍എ തരിഗാമി ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഭൂമി സൗജന്യമായി നല്‍കി എന്ന ചോദ്യം ഉന്നയിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം സര്‍ക്കാരിനോട് വിശദീകരണം തേടി.
കോണ്‍ഗ്രസ് നേതാവ് മിറും വിഷയം ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിക്കുകയും ഇത് അന്വേഷിക്കണമെന്ന് പറയുകയും ചെയ്തു. പണമില്ലാതെ ഒരു വിദേശ ക്രിക്കറ്റ് താരത്തിന് എങ്ങനെ ഭൂമി നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനായി ഭൂമി നല്‍കുന്നുണ്ടെന്ന് മന്ത്രി ദാര്‍ നേരത്തെ അറിയിച്ചിരുന്നു.