ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി നല്‍കി ഡല്‍ഹി കോടതി. 2016 ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്.
അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഹേശ്വരി സ്വീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി അനുവദിച്ചു.
നജീബിനെ കുറിച്ചുള്ള വിവരം ലഭിക്കാതായതോടെ കേന്ദ്ര അന്വേഷണ ഏജന്‍സി 2018 ല്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഇതിനെതിരെ കോടതിയെ സമീപിച്ചു. മകന്റെ തിരോധാനത്തിനു പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫാത്തിമ കോടതിയെ സമീപിച്ചത്.
ജെഎന്‍യുവില്‍ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ എബിവിപി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിനുശേഷമാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്.
അതിനുശേഷം നജീബ് ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടതായി ഹോസ്റ്റല്‍ വാര്‍ഡന്‍ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.