/sathyam/media/media_files/2026/02/22/namo-bharath-2026-02-22-14-23-33.jpg)
മീററ്റ്: രാജ്യത്തെ ആദ്യ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റമായ 'നമോ ഭാരത്' ട്രെയിനും മീററ്റ് മെട്രോ സര്‍വീസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതോടെ 82.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് നമോ ഭാരത് കോറിഡോര്‍ പൂര്‍ണ്ണമായും രാജ്യത്തിന് സമര്‍പ്പിച്ചു.
ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ മുതല്‍ മീററ്റിലെ മോദിപുരം വരെയുള്ള യാത്ര ഇനി വെറും 55 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കാം. 22 മീറ്റര്‍ ഉയരമുള്ള സരായ് കാലെ ഖാന്‍ ആണ് ഈ പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷന്‍.
സരായ് കാലെ ഖാന്‍ (ഡല്‍ഹി) മുതല്‍ മോദിപുരം (യുപി) വരെ 82.15 കിലോമീറ്റര്‍. ഇതില്‍ 70 കിലോമീറ്റര്‍ ഉയരപ്പാതയും 12 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയുമാണ്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്ത ട്രെയിനുകള്‍ നിലവില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തും. സ്ത്രീകള്‍ക്കായി പ്രത്യേക കോച്ചും പ്രീമിയം കോച്ചുകള്‍ക്കായി പ്രത്യേക ലോഞ്ചും സജ്ജീകരിച്ചിട്ടുണ്ട്.
നമോ ഭാരതിനൊപ്പം മീററ്റ് നഗരത്തിനുള്ളിലെ യാത്രയ്ക്കായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയുള്ള ഈ മെട്രോ ഇന്ത്യയിലെ മറ്റേതൊരു മെട്രോയേക്കാളും വേഗതയുള്ളതാണ്.
മീററ്റ് സൗത്ത് മുതല്‍ മോദിപുരം ഡിപ്പോ വരെയുള്ള 23 കിലോമീറ്റര്‍ ദൂരം വെറും 30 മിനിറ്റുകൊണ്ട് പിന്നിടാം. മൂന്ന് കോച്ചുകളുള്ള ട്രെയിനില്‍ ഒരേസമയം 700 പേര്‍ക്ക് യാത്ര ചെയ്യാം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മീററ്റില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എസ്പിജി കമാന്‍ഡോകള്‍ക്ക് പുറമെ 150 എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും 100 അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെയും വിന്യസിച്ചു. മേഖലയെ താല്‍ക്കാലികമായി നോ-ഫ്‌ലൈ സോണായി പ്രഖ്യാപിക്കുകയും ഐബി, എടിഎസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us