/sathyam/media/media_files/2025/07/19/modi-untitledeco-2025-07-19-13-20-40.jpg)
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പൊതുരംഗത്ത് സേവനം തുടങ്ങിയതിന് 25 വർഷം തികഞ്ഞതിൻ്റെ ഓർമ്മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് മോദി തൻ്റെ പൊതുജീവിത യാത്രയെക്കുറിച്ച് ഓർത്തെടുത്തത്.
തന്നെ നല്ലൊരു രാഷ്ട്രീയ നേതാവാക്കി മാറ്റിയ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
“2001-ലെ ഈ ദിവസമാണ് ഞാൻ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻ്റെ സഹപൗരന്മാരുടെ തുടർച്ചയായ അനുഗ്രഹത്താൽ ഞാൻ ഒരു ഗവൺമെൻ്റിൻ്റെ തലവനായുള്ള സേവനത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്,” പ്രധാനമന്ത്രി മോദി കുറിച്ചു.
“ഈ വർഷങ്ങളിലെല്ലാം, നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും നമ്മെയെല്ലാം പരിപോഷിപ്പിച്ച ഈ മഹത്തായ രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകാനും ഞാൻ നിരന്തരം ശ്രമിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പഴയ ചിത്രത്തോടൊപ്പം, രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.