പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
1428324-225.webp

ന്യൂഡൽഹി: പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ജൂൺ നാലിനാണ് മൂന്ന് തൊഴിലാളികൾ പാർലമെന്റിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment

വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അതീവ സുരക്ഷയുള്ള പാർലമെൻ്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച പാർലമെൻ്റ് ഹൗസിൻ്റെ ഫ്ലാപ്പ് ഗേറ്റ് ഭാ​ഗത്ത് സുരക്ഷാ പരിശോധനയ്ക്കായി ക്യൂവിൽ നിൽക്കുമ്പോൾ ഇവർ കാണിച്ച ആധാർ കാർഡുകൾ സംബന്ധിച്ച് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മൂവരെയും തടഞ്ഞുവച്ചു.

തുടർന്ന് ഇവ വിശദപരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ആധാർ കാർഡുകൾ വ്യാജമാണെന്ന് മനസിലാവുകയും പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ഡീ വീ പ്രോജക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവരെ പാർലമെൻ്റ് കോംപ്ലക്‌സിനുള്ളിൽ എം.പിമാരുടെ വിശ്രമമുറിയിലെ നിർമാണജോലികൾക്കായി നിയമിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മൂന്നു മാസമായി ഇവർ പാർലമെന്റിനുള്ളിൽ ജോലിയിലേർപ്പെട്ടുവരികയാണ്. എന്നാൽ എൻട്രി പാസിന്റെ കാലാവധി അവസാനിക്കുകയും പുതിയ പാസിനായി അപേക്ഷിക്കാനായി എത്തിയപ്പോൾ കൈയിലുള്ളത് വ്യാജരേഖകളാണ് കണ്ടെത്തുകയുമായിരുന്നു.

ഐപിസി 465 (വ്യാജരേഖ ചമയ്ക്കൽ), 419 (വഞ്ചന), 120ബി (​ക്രിമിനൽ ഗൂഢാലോചന), 471 (വ്യാജരേഖ ഉപയോ​ഗിക്കുക), 468 (വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

2023 ഡിസംബറിൽ പാർലമെന്റിൽ പുകയാക്രമണം ഉണ്ടായതോടെ സുരക്ഷ ശക്തമായിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്ന് പാർലമെന്റിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്നും സിഐഎസ്എഫിന് കൈമാറിയത് അടുത്തിടെയാണ്. 3000ഓളം സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്.

Advertisment