ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഒരു നിയമവും പാർലമെൻ്റിലൂടെ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന വിവരങ്ങൾ പുറത്ത്. പകരം സംസ്ഥാനങ്ങൾക്ക് സ്വന്തം നിയമ നിർമ്മാണച്ചിലൂടെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സാധിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഉന്നത വൃത്തങ്ങൾ പറഞ്ഞു.
ഉത്തരാഖണ്ഡിന് ശേഷം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് പിന്തുടരുമെന്ന് പാർട്ടിക്ക് പ്രതീക്ഷയുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ യുസിസി നിയമങ്ങൾ പാസാക്കുന്ന പ്രക്രിയയിലാണ്.
ഉത്തരാഖണ്ഡ് ഫെബ്രുവരിയിലാണ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്കുള്ള പൊതു നിയമങ്ങൾ ഉൾക്കൊള്ളുന്ന യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ട് മാറിയിരുന്നു. അതേസമയം, വിഷയത്തിൽ നിയമ കമ്മീഷൻ്റെ വിലയിരുത്തലിനായി കാത്തിരിക്കുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. വിഷയം ഇപ്പോഴും സർക്കാരിൻ്റെ അജണ്ടയിലാണെന്ന് അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.