Advertisment

സൂറത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

New Update
surat.1.2796197

സൂറത്ത്: സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് രാവിലെ ആറുമണിയോടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴാമത്തെ മൃതദേഹം ലഭിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ചിലർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. 'അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.രാത്രി മുഴുവൻ തിരച്ചിൽ തുടർന്നു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നാണ് സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറയുന്നത്.

Advertisment

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൂറത്ത് പോലീസ് കമ്മീഷണർ അനുപം സിംഗ് ഗെലോട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ തുടക്കത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരുടെ ശബ്ദം കേട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

'രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ, ഉള്ളിൽ കുടുങ്ങിയവരുടെ ശബ്ദം ഞങ്ങൾ കേട്ടു. ഒരു സ്ത്രീയെ ഞങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അഞ്ചോളം പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു' ഗെലോട്ട് പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ താെഴിലാളികൾ താമസിച്ചിരുന്ന ഫ്ളാറ്റുകളാണ് തകർന്നുവീണത്. കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. തകർന്ന കെട്ടിടം 2017ലാണ് നിർമിച്ചത്. പഴക്കം കുറവാണെങ്കിലും കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. അതിനാൽ തന്നെ പലരും മറ്റിട‌ങ്ങളിലേക്ക് താമസം മാറ്റിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.

 

 

Advertisment