കേക്കുകളിൽ കാൻസറിന് കാരണമാകുന്ന ചേരുവകൾ; ബേക്കറികൾക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

New Update
cake.-cancer

ബെംഗളൂരു: 12 കേക്ക് സാമ്പിളുകളിൽ കാൻസറിനു കാരണമാകുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയതിനുപിന്നാലെ മുന്നറിയിപ്പുമായി കർണാടക സർക്കാർ. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കോട്ടൺ കാൻഡിയിലും ഗോബി മഞ്ചൂരിയനിലും റോഡമിൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ കണ്ടെത്തൽ.

Advertisment

ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ് കാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയത്. കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. എന്നാൽ 12 എണ്ണത്തിൽ അപകടകരമായ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ട്. ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിപണിയിൽ ഏറെ പ്രിയങ്കരമായ കേക്ക് ഇനങ്ങളിലാണ് ഇത്തരം കൃത്രിമ നിറങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നത്.

അലൂറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ കേക്കുകളിൽ ഉപയോഗിക്കരുതെന്ന് കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ ബേക്കറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment