ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിലായി 14 പേർ മരിച്ചു. 10 പേർക്ക് പരിക്ക്. പലയിടത്തും മണ്ണിടിച്ചിൽ വ്യാപകം. അപകട സാധ്യത നിലനിൽക്കുന്നതിനാൽ കേദാർനാഥ് യാത്ര താത്‌കാലികമായി നിർത്തിവച്ചു.
ഘോരപരവ്, ലിഞ്ചോളി, ബാഡി ലിഞ്ചോളി, ഭീംബാലി എന്നിവിടങ്ങളിൽ ട്രക്ക് റൂട്ട് തടസപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്‌റ്ററുകൾ, മൂന്ന് ഏവിയേഷൻ ടർബൈൻ ഇന്ധന ടാങ്കറുകൾ അടക്കം ഉത്തരാഖണ്ഡിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയെ അറിയിച്ചു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയില്‍ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കുത്തൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണ കുട്ടിയും സഹസ്രധാര പാർക്കിങ്ങിന് സമീപം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരും ഒഴുക്കിൽപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടത്തി വരികയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിയ 425 തീർഥാടകരെ രക്ഷപ്പെടുത്തി സുരക്ഷിതയിടങ്ങളിലെത്തിച്ചു.
വിവിധയിടങ്ങളിലെ 1,100 തീർഥാടകർ രക്ഷാപ്രവർത്തകരുടെ സഹായത്തോടെ കാൽനടയായി സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. കേദാർനാഥിലേക്കുള്ള യാത്രയിൽ രുദ്രപ്രയാഗിലെത്തിയ തീർഥാടകർ റോഡുകൾ പുനഃസ്ഥാപിക്കുന്നത് വരെയും സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെയും കാത്തിരിക്കണമെന്ന് സർക്കാർ അറിയിച്ചു.