ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടുത്ത മാസം അമേരിക്ക സന്ദർശിക്കും. സെപ്റ്റംബർ 22-23 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന “ഭാവിയുടെ ഉച്ചകോടി’’ എന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും. 22ന് ന്യൂയോർക്കിൽ ഇന്ത്യൻ വംശജരുടെ സമ്മേളനത്തിലും പ്രസംഗിക്കും. ഐക്യരാഷ്ട്ര പൊതുസഭയിൽ സെപ്റ്റംബർ 26നാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്.
ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ ഏതാനും ലോകനേതാക്കളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎൻ ജനറൽ അസംബ്ലി) സെപ്റ്റംബർ 24 മുതൽ 30 വരെ നടക്കുന്ന 79-ാമത് സമ്മേളനത്തിന്റെ പൊതുചർച്ചയിൽ പ്രധാനമന്ത്രി മോദി 26ന് പ്രസംഗിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പ്രസംഗകരുടെ പട്ടികയിൽ പറയുന്നത്.
പ്രതിപക്ഷ നേതാവായശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശയാത്രയാണ് സെപ്റ്റംബർ ഏഴു മുതൽ നടക്കുന്നത്. അഞ്ചു ദിവസം നീളുന്ന അമേരിക്കൻ പര്യടനത്തിനിടെ അമേരിക്കയിലെ സെനറ്റർമാർ അടക്കമുള്ള നിയമനിർമാതാക്കൾ, സർവകലാശാല വിദ്യാർഥികൾ, പ്രവാസി ഇന്ത്യക്കാർ, വ്യവസായ പ്രമുഖർ തുടങ്ങിയവരുമായി രാഹുൽ ആശയവിനിമയം നടത്തും.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായതിനിടെയുള്ള ഇന്ത്യയിലെ കോണ്ഗ്രസ് നേതാവിന്റെ സന്ദർശനത്തിനിടെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും സെനറ്റർമാരുമായി രാഹുൽ നടത്തുന്ന ചർച്ചകൾക്ക് അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അതേസമയം, ജമ്മു-കാഷ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനായി രാഹുലിന്റെ അമേരിക്കൻ യാത്ര രണ്ടോ മൂന്നോ ദിവസം വെട്ടിച്ചുരുക്കിയേക്കുമെന്ന് സൂചനയുണ്ട്.
സെപ്റ്റംബർ ഏഴിന് ഡൽഹിയിൽനിന്നു തിരിച്ച് അന്നു രാവിലെ അമേരിക്കയിലെത്തുന്നതുമുതൽ വാഷിംഗ്ടണ് ഡിസി, ന്യൂജേഴ്സി, ലോസ് ഏഞ്ചൽസ്, ടെക്സസ് എന്നിവിടങ്ങളിലായി രാഹുലിന് തിരക്കേറിയ പരിപാടികളാണു നിശ്ചയിച്ചിരിക്കുന്നത്.