ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സൗത്ത് സെൻട്രൽ റെയിൽവേ 21 ട്രെയ്ൻ സർവീസുകൾ റദ്ദാക്കി. നിരവധിയിടത്ത് പാളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 10 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
കനത്ത മഴയിൽ തെലങ്കാനയിലെ മെഹ്ബൂബാബാദിനും കേശസമുദ്രത്തിനും ഇടയിൽ റെയിൽപാളങ്ങൾ തകർന്നു. ഇതേതുടർന്ന് 12669 എം.ജി.ആർ ചെന്നൈ സെൻട്രൽ-ഛപ്ര, 12670 ഛപ്ര-എം.ജി.ആർ ചെന്നൈ സെൻട്രൽ, 12615 എം.ജി.ആർ ചെന്നൈ സെൻട്രൽ-ന്യൂഡൽഹി, 12616 ന്യൂഡൽഹി-എം.ജി.ആർ ചെന്നൈ സെൻട്രൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
12763 തിരുപ്പതി-സെക്കന്ദരാബാദ്, 22352 എസ്.എം.വി.റ്റി ബംഗളൂരു-പാട് ലിപുത്ര, 22674 മന്നാർഗുഡി-ഭഗത് കി കോതി, 20805 വിശാഖപട്ടണം-ന്യൂഡൽഹി അടക്കം ആറു ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. റായനപ്പാട്ടിലെ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. എസ്.എം.വി.ബി ബംഗളൂരു-ദാനാപൂർ, ദാനാപൂർ-എസ്.എം.വി.ബി ബംഗളൂരു സർവീസ് ആണ് വഴിതിരിച്ചുവിട്ടത്.
അതേസമയം, പ്രളയ ദുരിതത്തിൽ ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി 24 പേർ മരിച്ചു. ഹൈദരാബാദിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി നൽകി. ഐ.ടി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഫോം സൗകര്യം ഏർപ്പെടുത്തി.
ആന്ധ്രയിലെ വിജയവാഡയിൽ കൃഷ്ണ, ഗോദാവരി നദികൾ കരകവിഞ്ഞൊഴുകി. നദീ തീരങ്ങളിൽ നിന്നും പ്രളയ പ്രദേശങ്ങളിൽ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ആന്ധ്രയിൽ ശ്രീകാകുളം, പാർവതിപുരം, മന്യം, വിശാഖപട്ടണം എന്നീ ജില്ലകളെയും തെലങ്കാനയിൽ മെഹ്ബൂബാബാദ്, സൂര്യപേട്ട്, ഭദ്രതി, കൊത്താകുടം, കമ്മം ജില്ലകളെയുമാണ് കനത്ത മഴ പ്രതികൂലമായി ബാധിച്ചത്.