ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി.
രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.