ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു . ഏറ്റുമുട്ടലിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് സിആർപിഎഫ്, രണ്ട് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്. ജമ്മു കാശ്മീരിലെ ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പൂർ എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ മണിക്കൂറുകളോളം ഏറ്റുമുട്ടിയത്.
ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ സൈന്യത്തിന്‍റെ തിരച്ചിൽ തുടരുകയാണ്. ബുധ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെള്ളിയാഴ്ച രാത്രി 9 മണിയോടെ വെടിയുതിർത്തിരുന്നു. ബന്ദിപ്പുരിൽ സൈനിക ക്യാമ്പിൽ നേരെയും വെടിവെപ്പ് ഉണ്ടായി. വനമേഖലകളിൽ ഭീകര സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഈ മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.