ഡല്‍ഹി: ദക്ഷിണ കൊറിയയിലേക്ക് ആളുകളെ അയക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ നാവികസേനാ ഉദ്യോഗസ്ഥന് മുംബൈയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
അനധികൃത കുടിയേറ്റത്തില്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ലെഫ്റ്റനന്റ് കമാന്‍ഡര്‍ വിപിന്‍ കുമാര്‍ ദഗറിനെ (28) ജൂണില്‍ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ രേഖകള്‍ ഉപയോഗിച്ച് 8-10 പേരെ ദക്ഷിണ കൊറിയയിലേക്ക് അയച്ച സംഘം ഒരാള്‍ക്ക് 10 ലക്ഷം രൂപ വരെ ഈടാക്കിയതായി അധികൃതര്‍ ആരോപിച്ചു.
14 ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍, ഒരു സ്റ്റാമ്പ് മെഷീന്‍, 108 റബ്ബര്‍ സ്റ്റാമ്പുകള്‍, വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച മറ്റ് വസ്തുക്കള്‍ എന്നിവ കൈവശം വെച്ചതിന് കൊളാബയില്‍ വെച്ചാണ് ദഗര്‍ അറസ്റ്റിലായത്.
ജാമ്യാപേക്ഷയില്‍ ദാഗറിന്റെ അഭിഭാഷകന്‍ സുനില്‍ പാണ്ഡെ തന്റെ കക്ഷിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വാദിച്ചു. ദാഗറിന് പണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ലെന്നും പാണ്ഡെ വ്യക്തമാക്കി.
കുറ്റകൃത്യത്തില്‍ ദാഗറിന് കാര്യമായ പങ്കുണ്ടെന്ന് അവകാശപ്പെട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇഖ്ബാല്‍ സോള്‍ക്കറുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
ദാഗറിന് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അല്ലെങ്കില്‍ വിട്ടയച്ചാല്‍ കുറ്റം ആവര്‍ത്തിക്കാനും കഴിയുമെന്ന ആശങ്കയും പ്രോസിക്യൂഷന്‍ പ്രകടിപ്പിച്ചിരുന്നു.