/sathyam/media/media_files/2026/02/26/untitled-2026-02-26-14-08-45.jpg)
ഡല്‍ഹി: എന്‍സിഇആര്‍ടി എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്ന ഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി കടുത്ത നടപടി സ്വീകരിച്ചു. ഈ പാഠപുസ്തകത്തിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയ കോടതി, പുസ്തകത്തിന്റെ എല്ലാ ഭൗതിക പകര്‍പ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീതിന്യായ വ്യവസ്ഥയെ മനഃപൂര്‍വ്വം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
'അവര്‍ വെടിയുണ്ട പായിച്ചു കഴിഞ്ഞു, ഇന്ന് ജുഡീഷ്യറി രക്തം ചിന്തുകയാണ്,' എന്ന് ചീഫ് ജസ്റ്റിസ് വൈകാരികമായി പ്രതികരിച്ചു.
ഇത് കേവലം അശ്രദ്ധ കൊണ്ട് സംഭവിച്ച പിഴവല്ലെന്നും അധ്യാപകരിലൂടെയും വിദ്യാര്‍ത്ഥികളിലൂടെയും ജുഡീഷ്യറി അഴിമതി നിറഞ്ഞതാണെന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കാനുള്ള ഗൂഢാലോചനയാണെന്നും കോടതി പറഞ്ഞു.
'ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം, തലകള്‍ ഉരുളണം. എനിക്ക് ബോധ്യം വരുന്നത് വരെ ഈ കേസ് അവസാനിപ്പിക്കില്ല,' ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിരുപാധികമായി മാപ്പപേക്ഷിച്ചെങ്കിലും കോടതി അത് സ്വീകരിച്ചില്ല. എന്‍സിഇആര്‍ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഒരിടത്തും 'ക്ഷമ ചോദിക്കുന്നു' എന്ന വാക്ക് പോലുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ പാഠഭാഗം തയ്യാറാക്കിയവരെ ഇനി ഒരു ഔദ്യോഗിക നടപടികളിലും ഉള്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് വളരെ ചെറിയ നടപടിയാണെന്ന് കോടതി പരിഹസിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി എന്നിവര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചുകൂടാ എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിപണിയിലെത്തിയ 32 ലക്ഷം പുസ്തകങ്ങളും തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഭരണഘടനയുടെ കാവല്‍ക്കാരായ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ അവഗണിച്ച് അഴിമതിയെക്കുറിച്ച് മാത്രം പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. കേസ് കൂടുതല്‍ വാദത്തിനായി മാര്‍ച്ച് 11-ലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us