'എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചാണോ നമ്മള്‍ പഠിപ്പിക്കുന്നത്?' എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; പുസ്തകങ്ങൾ കണ്ടുകെട്ടാൻ സുപ്രീം കോടതി ഉത്തരവ്

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിനുള്ളില്‍ പ്രതിഷേധം ശക്തമായത്.

New Update
Untitled

ഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്.

Advertisment

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിനുള്ളില്‍ പ്രതിഷേധം ശക്തമായത്.


കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 'എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചാണോ നമ്മള്‍ പഠിപ്പിക്കുന്നത്?' എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് ആരാണെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ആരാഞ്ഞു.


വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയ പുസ്തകത്തിന് സുപ്രീം കോടതി സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. പുസ്തകത്തിന്റെ എല്ലാ ഭൗതിക പകര്‍പ്പുകളും കണ്ടുകെട്ടാനും ഡിജിറ്റല്‍ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

കോടതി വിധി പൂര്‍ണ്ണമായും മാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. 'നടന്ന സംഭവത്തില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പുസ്തകങ്ങളുടെ വിതരണം നിര്‍ത്താന്‍ എന്‍.സി.ഇ.ആര്‍.ടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നീതിന്യായ വ്യവസ്ഥയെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല,' അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പാഠപുസ്തകത്തിലെ 'നമ്മുടെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന നാലാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. ഇത് അശ്രദ്ധമൂലം സംഭവിച്ചതാണെന്നും ജുഡീഷ്യറിയെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും എന്‍.സി.ഇ.ആര്‍.ടി അറിയിച്ചു.


വിവാദ പാഠഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കും. പുതിയ പുസ്തകങ്ങള്‍ 2026-27 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭ്യമാക്കും. നിലവിലെ പുസ്തകങ്ങളുടെ വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ബഹുമാനവും അവബോധവും വളര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഉണ്ടായ വീഴ്ചയില്‍ ക്ഷമ ചോദിക്കുന്നതായും എന്‍.സി.ഇ.ആര്‍.ടി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment