/sathyam/media/media_files/2025/08/16/amit-shah-techincs-2025-08-16-14-38-49.jpg)
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമിൽ അധികാരത്തിലിരിക്കുന്ന എൻഡിഎയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. സീറ്റ് വിഭജന ചർച്ചകൾ ഫെബ്രുവരി 15 നകം പൂർത്തിയാക്കാനാണ് എൻഡിഎ യുടെ ശ്രമം. എന്നാൽ എൻഡിഎയിലെ ഘടക കക്ഷികൾ ഇടഞ്ഞ് നിൽക്കുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകൾ തേടുന്നെന്ന് നേരത്തെ പ്രഖ്യാപിച്ച എൻഡിഎ ഘടക കക്ഷി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിനെ അനുനയിപ്പിക്കാനുള്ള നീക്കം ബിജെപി തുടങ്ങി. സീറ്റ് വിഭജനം സംബന്ധിച്ച് പാർട്ടിക്കുള്ള ആശങ്കകൾ രമ്യമായി പരിഹരിക്കുമെന്ന് ബിജെപി നേതാക്കൾ യുപിപിഎല്ലിന് ഉറപ്പ് നൽകിയിട്ടുണ്ട്.
സ്വന്തം നിലയ്ക്ക് പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കാനും പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനുമാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് യുപിപിഎൽ നേതാക്കൾ നൽകുന്ന വിവരം.
എന്നാൽ യുപിപിഎല്ലിനെ പോലെ ബോഡോ വിഭാഗത്തിനിടയിൽ സ്വാധീനമുള്ള എൻഡിഎ ഘടക കക്ഷിയായ ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ടുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണം.
ബിജെപിയുടെ സ്വാധീന മേഖലകളിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്ന പരാതി അസം ഗണ പരിഷത്തിനുമുണ്ട്. ഈ സാഹചര്യത്തിൽ ഘടക കക്ഷികളെ അനുനയിപ്പിച്ച് പരാതികൾ പരിഹരിച്ച് ഒപ്പം നിർത്താനാണ് ബിജെപി ശ്രമം.
ഉടൻ തന്നെ ഉഭയകക്ഷി ചർച്ചകൾ തുടങ്ങാനാണ് ബിജെപി നീക്കം. സീറ്റ് വിഭജന ചർച്ച ഡൽഹിയിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിക്കാതെ ഗുവാഹത്തിയിൽ തന്നെ പൂർത്തിയാക്കാനാണ് ബിജെപി നേതാക്കൾ ആഗ്രഹിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us